റിയാദ്: വ്യാജ തൊഴിൽ വിസയുമായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ തടഞ്ഞുവെക്കുകയും , നാടുകടത്തുകയും ചെയ്തു.നാല് ദിവസം മുൻപാണ് ഇവർ റിയാദിലെത്തിയത്. വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പിറ്റേദിവസം തന്നെ ഇവരെ കോഴിക്കോട്ടേക്ക് തിരിച്ചയച്ചു.
മറ്റൊരു വിസയുടെ പ്രിന്റൗട്ടിലെ വിസ നമ്പർ, തീയതി, പേര്, പാസ്പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഈ വ്യാജ വിസകൾ തയ്യാറാക്കിയിരുന്നത്. വിസ യഥാർത്ഥമാണെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ കബളിപ്പിച്ചത്. സൗദിയിലുള്ള ഏജന്റിന് 1,50,000 രൂപ നൽകിയതായും ഇവർ പറഞ്ഞു.

