ന്യൂഡൽഹി : 2019-ൽ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അക്രമങ്ങളെക്കുറിച്ചും, 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങൾക്കിടെ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ അക്രമം നടത്തിയെന്നായിരുന്നു പരാതി.
കലാപത്തെക്കുറിച്ച് സ്വതന്ത്ര/പ്രത്യേക അന്വേഷണം നടത്താൻ എസ്ഐടി വേണമെന്ന ആവശ്യവും കോടതി നിരസിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് മനോജ് ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 2020 മുതൽ തീർപ്പാകാതെ കിടന്നിരുന്ന എല്ലാ ഹർജികളും തള്ളിയത്. മുൻ രാജ്യസഭാ അംഗവും സിപിഐ (എം) നേതാവുമായ ബൃന്ദ കാരാട്ട്, സാമൂഹിക-മത സംഘടനയായ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് എന്നിവർ സമർപ്പിച്ച ഹർജികളിൽ, പോലീസിന്റെ “നിഷ്ക്രിയത്വത്തിനും ഉദാസീനതയ്ക്കും” എതിരെയും രാഷ്ട്രീയ നേതാക്കളുടെ “വിദ്വേഷ പ്രസംഗങ്ങൾ”ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഹർജികളിൽ ഉണ്ടായിരുന്നു. എന്നാൽ കോടതി അതും നിരസിച്ചു. കൂടാതെ, അശ്രദ്ധ കാണിച്ചതായി ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.
മറ്റൊരു കൂട്ടം ഹർജികൾ കലാപകാരികൾക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നതായിരുന്നു. ഇതിൽ കലാപത്തിനുള്ള ധനസഹായത്തെയും പിന്തുണയെയും കുറിച്ച് എൻ ഐ എ അന്വേഷണം നടത്തണമെന്ന ആവശ്യവും, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ അന്വേഷണം വേണമെന്ന ആവശ്യവും ഉണ്ടായിരുന്നു . നിലവിൽ ഹൈക്കോടതി ജഡ്ജിയായ അജയ് ഡിഗ്പോൾ സഹസ്ഥാപകനായ ‘ലോയേഴ്സ് വോയ്സ്’ എന്ന സംഘടനയും ഡൽഹി സ്വദേശിയായ അജയ് ഗൗതമുമാണ് ഈ ഹർജികൾ സമർപ്പിച്ചത്.
ഡൽഹി പോലീസിൽ നിന്ന് സ്വതന്ത്രമായ അന്വേഷണം വേണമെന്നും, സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അത് നടത്തണമെന്നും എഐഎംഐഎം നേതാവ് ഷെയ്ഖ് മുജ്തബ ഫാറൂഖും ആവശ്യപ്പെട്ടിരുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ വർഗീയ വിദ്വേഷം വളർത്തിയെന്നാരോപിച്ച്, അന്നത്തെ ബിജെപി മന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ലോക്സഭാ എംപി പർവേശ് വർമ്മ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാരാട്ട് 2020-ൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. 2020 ഓഗസ്റ്റിൽ മജിസ്ട്രേറ്റ് കോടതി ആ ഹർജി തള്ളിയിരുന്നു.ഈ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2022 ജൂണിൽ, മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ ഈ ഹർജികൾ പരിഗണിക്കുന്നതിനിടെ, സുപ്രീം കോടതി നടപടികളിൽ കക്ഷികളാകാൻ ശ്രമിക്കാമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ വർഷം ഹർജിക്കാരോട് നിർദ്ദേശിച്ചിരുന്നു.വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഡൽഹി ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുന്നത് “ജുഡീഷ്യൽ അച്ചടക്കത്തിന്” വിരുദ്ധമായിരിക്കുമെന്ന് ബെഞ്ച് വാക്കാൽ പരാമർശിക്കുകയും ചെയ്തിരുന്നു.

