തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ആർ. ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. പാർട്ടി നേതാക്കളുമായി നടത്തിയ അനുരഞ്ജന ചർച്ചകളെത്തുടർന്നാണ് ഈ തീരുമാനം . ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷൻ ഭരണ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന . ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രീലേഖയെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്ന സന്ദേശം ശ്രീലേഖ നീക്കം ചെയ്തു. ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനായി സെപ്റ്റംബർ 25, 26, 27 തീയതികളിൽ കോവളത്ത് പാർട്ടി കൗൺസിലർമാർക്കായി സംഘടിപ്പിച്ച പഠനക്ലാസുകളിൽ ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, ക്ലാസുകൾക്ക് ശേഷം വീട്ടിലെത്തിയ ഉടൻ രാജിക്കത്ത് അയച്ചത് പാർട്ടി നേതൃത്വത്തെയും മേയറെയും ഒരുപോലെ അമ്പരപ്പിച്ചു.
സിപിഎമ്മിന്റെ തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ ബിജെപി പുതിയൊരു പോർമുഖം തുറന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. നിയമപ്രകാരം, കൗൺസിലർമാർ കോർപ്പറേഷൻ സെക്രട്ടറിക്ക് മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിക്കേണ്ടത്. തുടർന്ന് സെക്രട്ടറി അത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും, അതിനുശേഷം രാജി പ്രാബല്യത്തിൽ വരികയും ചെയ്യും . പിന്നീട് വാർഡിലെ ഒഴിവ് നികത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് നടത്തും. നിലവിലെ സാഹചര്യത്തിൽ, എതിരാളികളായ മുന്നണികളെ പരാജയപ്പെടുത്തി വാർഡ് നിലനിർത്തുക എന്നത് ബിജെപിക്ക് വലിയൊരു വെല്ലുവിളിയാകുമായിരുന്നു. അത് മറികടക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.

