ന്യൂഡൽഹി : ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളെ ചോദ്യം ചെയ്ത് നാഗ്പൂർ സ്വദേശിയും അംബേദ്കർ അനുയായിയും ബുദ്ധമത പ്രവർത്തകനുമായ ബി.ഡി. ബോർക്കർ സുപ്രീം കോടതിയിൽ . ‘ഓൾ ഇന്ത്യ ബാക്ക്വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ’ മുൻ ദേശീയ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ഭരണഘടനാ വിരുദ്ധവും വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാം വിരുദ്ധവുമായ ഉള്ളടക്കമാണ് വന്ദേമാതരത്തിൽ ഉള്ളതെന്നാണ് ഹർജിയിൽ പറയുന്നത്. മുസ്ലീങ്ങൾക്കെതിരായ അക്രമാസക്തവും വിദ്വേഷം നിറഞ്ഞതുമായ പരാമർശങ്ങളാൽ നിറഞ്ഞതാണിതെന്നും, ആറ് ശ്ലോകങ്ങളും പൂർണ്ണമായി പാടുന്നത് വർഗീയ ഭിന്നിപ്പിന് കാരണമാവുകയും ദേശീയ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നുമാണ് ഹർജിയിൽ പറയുന്നത്.
മാത്രമല്ല വന്ദേമാതരത്തിന്റെ രണ്ട് വരികൾ മാത്രമുള്ള പതിപ്പ് അംഗീകരിക്കുകയും അവതരിപ്പിക്കുകയും വേണമെന്നും, ഏതെങ്കിലും പൗരനോട് അത് പാടാനോ വായിക്കാനോ നിർദ്ദേശിക്കാനോ, അല്ലെങ്കിൽ അതിന് വിസമ്മതിക്കുന്നതിന്റെ പേരിൽ ഭരണപരമോ സിവിൽപരമോ ക്രിമിനൽപരമോ ആയ നടപടികൾക്ക് വിധേയരാക്കാനോ പാടില്ലെന്നും പ്രഖ്യാപിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

