ഡബ്ലിൻ ; രാജ്യത്തെ 45 പോലീസ് ഡ്രൈവിംഗ് പരിശീലകർക്ക് കുറ്റവാളികളെ പിന്തുടർന്ന് പിടികൂടുന്നതിന് പരിശീലനം നൽകാൻ കൂടുതൽ ബ്രിട്ടീഷ് പോലീസ് സേനകളുടെ സഹായം തേടേണ്ടതുണ്ടെന്ന് ഗാർഡ അധികൃതർ . റോഡ് പോലീസ് വിഭാഗം മേധാവിയായ അസിസ്റ്റന്റ് കമ്മീഷണർ ഡെനിസ് ഫെറിയും, ഗാർഡ പരിശീലന വിഭാഗം മേധാവിയായ ചീഫ് സൂപ്രണ്ട് ബ്രയാൻ സുഗ്രൂവും ഒയരക്റ്റാസ് ഗതാഗത സമിതിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
രാജ്യത്തെ മോട്ടോർവേ ശൃംഖലയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഫെറിയും സുഗ്രൂവും എത്തിയത്. ഗാർഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ M9 പാതയിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ച അഞ്ച് കൗമാരക്കാർ അപകടത്തിൽപ്പെട്ട് മരിച്ച സംഭവവും യോഗത്തിൽ ചർച്ചയായി.
പരിശീലകർക്ക് പരിശീലനം നൽകാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനായി ബ്രിട്ടനിലെ മറ്റ് പോലീസ് സേനകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ചർച്ചയിൽ ഫെറിയും സുഗ്രൂവും വ്യക്തമാക്കി.

