തിരുവനന്തപുരം ; നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുക . ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും. മുന്‍ എംഎല്‍എമാരായ വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന് എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതികള്‍.
2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്പിഎം അംഗങ്ങൾ സഭയ്ക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകള്‍, മൈക്ക്, ഇലക്ട്രോണിക് പാനലുകള്‍ എന്നിവ തകര്‍ത്ത് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്.
എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 2021 ജൂലൈയില്‍ സുപ്രീം കോടതിയും കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയിരുന്നു

