കൊച്ചി: നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. പല അംഗങ്ങൾക്കും നിശ്ചിത യോഗ്യതയില്ലെന്നും ബോർഡിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി ആരംഭിച്ചത്.
പിരിച്ചുവിടൽ സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലര വർഷത്തോളം കാലാവധി ബാക്കിനിൽക്കെയാണ് ബോർഡ് പിരിച്ചുവിടുന്നത്.സുപ്രീം കോടതി നിർദ്ദേശങ്ങൾക്കും വഖഫ് നിയമത്തിലെ ഭേദഗതികൾക്കും അനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
കെ എസ് ഹംസ ചെയർമാനായുള്ള വഖഫ് ബോർഡ് കഴിഞ്ഞ മാർച്ചിലാണ് രൂപീകരിച്ചത് . അഞ്ച് വർഷത്തേക്കാണ് ബോർഡ് ചുമതലയേറ്റത്. 11 അംഗ ഭരണസമിതിയിൽ ഒമ്പത് പേരെ മാത്രമാണ് നിയമിച്ചത്.
വഖഫ് ബോർഡിൻ്റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ ഇടക്കാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബോർഡ് നയപരമോ സുപ്രധാനമോ ആയ തീരുമാനങ്ങൾ എടുക്കുകയോ മൂലധനച്ചെലവ് നടത്തുകയോ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു
വഖഫ് കാര്യങ്ങളുടെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ബോർഡ് പ്രവർത്തിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേരള വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെയും , ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജും അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

