ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രഖ്യാപിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് . ഒക്ടോബർ 2-ന് രാജ്യവ്യാപകമായി സമരം നടത്താനാണ് സിജെപി പദ്ധതിയിട്ടിരിക്കുന്നത്. മുംബൈയിൽ ആരംഭിക്കുന്ന ഈ സമരം രാജ്യത്തുടനീളം വ്യാപിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നത് രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണെന്ന് വാങ്ചുക് അഭിപ്രായപ്പെട്ടു. എല്ലാ സമരങ്ങളിലും നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും സിജെപിയുടെ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ നടന്ന സമരവേളയിലും വാങ്ചുക് സിജെപിക്ക് പിന്തുണ നൽകിയിരുന്നു. അന്ന് സംഘടനയ്ക്ക് പരിമിതമായ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഇപ്പോൾ അതൊരു ശക്തമായ ശബ്ദമായി മാറിയെന്നും, അത് രാജ്യത്തെ ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എങ്കിലും ഒക്ടോബർ 2-ന് നിശ്ചയിച്ചിട്ടുള്ള സമരത്തിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വാങ്ചുക് വ്യക്തത വരുത്തിയിട്ടില്ല.
എല്ലാ സമരങ്ങളിലും തന്റെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമില്ലെന്നും, ഇത്തരം വിഷയങ്ങൾക്കായി കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതും നീക്കം ചെയ്യുന്നതും പുനഃസ്ഥാപിക്കുന്നതും സംബന്ധിച്ച വിഷയങ്ങളിലും എസ്ഐആർ നടപടികളിലും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ വിയോജിപ്പ് പ്രകടിപ്പിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു .
കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളിൽ ഇരുവരും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. മൂന്ന് കമ്മീഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് എസ്ഐആർ നടപടികൾ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് കമ്മീഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

