ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ദേര ഇസ്മായിൽ ഖാൻ നഗരത്തിൽ പോലീസ് ചെക്ക് പോയിന്റിന് സമീപമാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ ബോംബർ വഴി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ അടിയന്തര സേവന വക്താവ് ബിലാൽ ഫൈസി പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാം.
വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാൻ സുരക്ഷാ സേന എട്ട് തീവ്രവാദികളെ വധിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാവേർ ബോംബാക്രമണം ഉണ്ടായത്. സെപ്റ്റംബർ 24 ന് വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു സുരക്ഷാ സേന ഓപ്പറേഷൻ നടത്തിയത്.

