വേനൽക്കാലത്ത് അയർലൻഡിൽ വരൾച്ച കൂടുതൽ ശക്തമാകുന്നതായി പുതിയ ഗവേഷണ റിപ്പോർട്ട്. ഉയർന്ന താപനില മണ്ണിൽ നിന്നും സസ്യങ്ങളിൽ നിന്നും കൂടുതൽ ഈർപ്പം വലിച്ചെടുക്കുന്നതിനാലാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതാപനം ജൂലൈ മാസത്തിൽ അതിശക്തമായ ബാഷ്പീകരണ സാധ്യത എട്ടിരട്ടി വർദ്ധിപ്പിക്കുകയും അതിന്റെ തീവ്രത 7 ശതമാനത്തോളം കൂട്ടുകയും ചെയ്തു എന്നാണ് വേനൽക്കാലത്തെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്ണിലെ ഈർപ്പം ഗണ്യമായി കുറയുന്നതിന് കാരണമാവുകയും ചെയ്തതായി ഗവേഷകർ പറയുന്നു.
മെറ്റ് ഐറാൻ , ടീഗാസ്ക് എന്നിവയുടെ പിന്തുണയോടെ മേനൂത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം, വേനൽക്കാലത്ത് അനുഭവപ്പെട്ട അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ചാണ് പരിശോധിച്ചത്. തുടർച്ചയായി രണ്ടാം വർഷവും അയർലൻഡിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് രേഖപ്പെടുത്തിയത്. ശരാശരി താപനില 16.28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
മെറ്റ് ഐറാന്റെ 25 പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ താപനില 20 ഡിഗ്രിക്ക് മുകളിലെത്തിയ 68 ദിവസങ്ങൾ അനുഭവപ്പെട്ടു . ഇത് മുൻ റെക്കോർഡിനേക്കാൾ കൂടുതലാണ്.
ഈ വർഷം അയർലൻഡിൽ ഏറ്റവും വരണ്ട ജൂലൈ മാസമാണ് അനുഭവപ്പെട്ടത്. മാസം മുഴുവൻ ലഭിച്ചത് വെറും 16.1 മില്ലിമീറ്റർ മഴ മാത്രമാണ്. ഇത് 1991-2020 കാലയളവിലെ ശരാശരിയുടെ ഏകദേശം 17 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

