ന്യൂഡൽഹി : ‘യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്’ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കാരണം രാജ്യത്തുടനീളം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടും . ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയാണ് ‘യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്’ .
അതേസമയം ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടി 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 30 ബുധനാഴ്ച വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 26 ശനി, 27 ഞായർ ദിവസങ്ങൾക്ക് പിന്നാലെയാണ് പണിമുടക്ക് ദിനങ്ങളിലെ അവധി. ബാങ്ക് ശാഖയിൽ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകൾ സെപ്റ്റംബർ 25 വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പണം പിൻവലിക്കൽ, നിക്ഷേപം, പണം കൈമാറ്റം, വായ്പാ തിരിച്ചടവ് തുടങ്ങിയ ഇടപാടുകൾ മുൻകൂട്ടി നടത്താനും ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശനിയാഴ്ചകൾ പൂർണ്ണ അവധിയാക്കി ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കിംഗ് പ്രവർത്തിക്കുന്ന രീതി നടപ്പിലാക്കുക എന്നതാണ് സംഘനടയുടെ പ്രധാന ആവശ്യം.
ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായുള്ള ചർച്ചകളിൽ പ്രശ്നപരിഹാരമുണ്ടാകാത്തതിനെത്തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഷ്കരിച്ച ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്’ പദ്ധതി പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നും, മറ്റ് തീർപ്പാകാത്ത വിഷയങ്ങളിൽ പരിഹാരം കാണണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്.

