വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ തടാകത്തിൽ കാണാതായ യുവാവിനായുളള തിരച്ചിൽ തുടരുന്നു. 20 വയസ്സുള്ള യുവാവിനെയാണ് തടാകത്തിൽ കാണാതെ ആയത്. മുള്ളിംഗറിനടുത്തുള്ള ലഫ് എന്നിൽ ഞായറാഴ്ച മുതലാണ് യുവാവിനായി തിരച്ചിൽ ആരംഭിച്ചത്. വിവിധ ഏജൻസികൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ഗാർഡ വാട്ടർ യൂണിറ്റ്, പ്രാദേശിക അക്വാ യൂണിറ്റുകൾ, സിവിൽ ഡിഫൻസ്, ഗാർഡ ഡോഗ് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ. തടാകത്തിൽ ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു യുവാവ്. ഇതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സോണാർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. 17 അടി നീളമുള്ള ബോട്ട് നദിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

