ഡബ്ലിൻ ; ലിമെറിക്, വെക്സ്ഫോർഡ്, മീത്ത് എന്നീ കൗണ്ടികളിലായി നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു.
ലിമെറിക് കൗണ്ടിയിൽ, ഇന്നലെ പുലർച്ചെ 2:40-ഓടെ അഡെയറിലെ കമ്മീനിൽ N21 പാതയിലുണ്ടായ അപകടത്തിൽ ഇരുപതുകാരനാണ് മരിച്ചത് . രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് ഗാർഡ അറിയിച്ചു.മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലേക്ക് മാറ്റി.
മീത്ത് കൗണ്ടിയിലെ അത്ത്ബോയ്, കോണോട്ട് സ്ട്രീറ്റിൽ പുലർച്ചെ 2 മണിയോടെയുണ്ടായ അപകടത്തിൽ 50കാരൻ മരിച്ചു. കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നായിരുന്നു അപകടം. മൃതദേഹം നവാനിലെ ‘അവർ ലേഡീസ് ഹോസ്പിറ്റലിലേക്ക്’ മാറ്റി .
വെക്സ്ഫോർഡ് കൗണ്ടിയിൽ, മോട്ടോർ സൈക്കിളും വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. വെല്ലിംഗ്ടൺ ബ്രിഡ്ജിന് സമീപം R736 റോഡിലാണ് അപകടം ഉണ്ടായത്.

