ഇസ്ലാമാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വ്യോമാക്രമണം . ആക്രമണത്തിൽ 28 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് നാട്ടുകാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്നത്. കുനാറിലെ നൂർഗൽ ജില്ലയിലും പക്തികയിലെ ബർമാൽ ജില്ലയിലും പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാൻ ഡെപ്യൂട്ടി ഗവൺമെൻ്റ് വക്താവ് ഹംദുള്ള ഫിത്രത് പറഞ്ഞു.
നൂർഗലിലെ പത്താൻ ഗ്രാമത്തിൽ ഗ്രാമവാസിയായ നൂർ അഹമ്മദിൻ്റെ വീടും തകർന്നു. അഹമ്മദും അദ്ദേഹത്തിൻ്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടു, മറ്റ് നാല് ബന്ധുക്കൾക്ക് പരിക്കേറ്റു. ബർമാലിലെ റഖാഹ്, ടോർ കുണ്ടി മേഖലകളിൽ നടന്ന ആക്രമണത്തിൽ ഒരു കടയും ആളില്ലാത്ത വീടും തകർന്നു .
അഫ്ഗാൻ താലിബാൻ ഗവൺമെൻ്റ് വക്താവ് സബിയുള്ള മുജാഹിദ് ആക്രമണത്തെ അപലപിക്കുകയും തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളെ ലക്ഷ്യം വയ്ക്കുമെന്ന് പാകിസ്ഥാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വടക്ക്-പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹാംഗു ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം ആറ് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

