ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെ വീടിന് പുറത്ത് വച്ച് ബലമായി അറസ്റ്റ് ചെയ്തു. ജയിലിലെ ഇമ്രാന്റെ പെരുമാറ്റത്തെക്കുറിച്ച് അലീമ പ്രതികരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് . അലീമയോടുള്ള ഷഹബാസ് സർക്കാരിന്റെ പ്രതികാരമാണ് ഈ പൊലീസ് നടപടിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പൊതു ക്രമസമാധാന പരിപാലന നിയമപ്രകാരം ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, അലീമ ഖാനെ 30 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാനും കഴിയും. ലാഹോർ ഡെപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ ജില്ലാ ഇന്റലിജൻസ് കമ്മിറ്റിയുടെ യോഗം ഇന്ന് ചേർന്നതായും നഗരത്തിൽ സമാധാനം നിലനിർത്തുന്നതിനായി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനമിനെ തടങ്കലിൽ വയ്ക്കാൻ തീരുമാനിച്ചതായും ഉത്തരവിൽ പറയുന്നു.
പഞ്ചാബ് പോലീസ് അലീമ ഖാനെ അവരുടെ വീടിന് പുറത്ത് ബലമായി കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ . അവരെയും ഡ്രൈവറെയും എവിടേക്കാണ് കൊണ്ടുപോയതെന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല . അവരുടെ അറസ്റ്റിന്റെ കാരണവും വ്യക്തമല്ല . അവർ എവിടെയാണ്, തടങ്കലിൽ വയ്ക്കാനുള്ള നിയമപരമായ അടിസ്ഥാനമെന്താണ് , അവർ അറസ്റ്റിലായ കേസ് എന്താണ് എന്നിവയെക്കുറിച്ച് അവരുടെ കുടുംബത്തെയും നിയമ പ്രതിനിധികളെയും അറിയിക്കണമെന്ന് ഇമ്രാന്റെ പാർട്ടി അനുയായികൾ ആവശ്യപ്പെടുന്നുണ്ട്.
സെപ്റ്റംബർ 27 ന് പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ലോംഗ് മാർച്ച് ആസൂത്രണം ചെയ്തിരുന്നു. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ആവശ്യം. എന്നാൽ മാർച്ചിനു മുന്നോടിയായാണ് ലാഹോറിലെ വീട്ടിൽ നിന്ന് ഇമ്രാൻ ഖാന്റെ സഹോദരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല് പി.ടി.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് ഇസ്ലാമാബാദ് പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി ഇസ്ലാമാബാദിലെ സെൻട്രൽ പോലീസ് ഓഫീസിൽ യോഗം ചേർന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുകയും ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.

