കണ്ണൂർ: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അർദ്ധരാത്രിക്കും ബുധനാഴ്ച പുലർച്ചെ 1 മണിക്കും ഇടയിലാണ് ഇവർ സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയതെന്നാണ് നിഗമനം . പോലീസ് ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
നാല് പെൺകുട്ടികളും ഒരുമിച്ചാണ് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് പോലീസ് കണ്ടെത്തി. ചിൽഡ്രൻസ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ സമാനമായ രീതിയിൽ ഇവിടെ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്ത മറ്റൊരു പെൺകുട്ടിക്കൊപ്പമാണ് ഇവർ പോയതെന്ന് റിപ്പോർട്ടുകളുണ്ട്.
പെൺകുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അവർ എത്തിച്ചേരാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അവരെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു.

