ചെന്നൈ : തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയുടെ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് 10 ൽ മുഖ്യമന്ത്രി വിജയെ അപമാനിച്ചതായി പരാതി. വിജയ് സേതുപതി ഷോയിൽ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി വിജയ് ജോസഫുമായി ബന്ധിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
അടുത്തിടെ നടന്ന എപ്പിസോഡിൽ, അവതാരകൻ വിജയ് സേതുപതി ബിഗ് ബോസ് തമിഴ് മത്സരാർത്ഥി ഷാഥിഗയുമായി രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് സംസാരിച്ചു. ചിന്തിക്കാതെ വാഗ്ദാനങ്ങൾ നൽകുക, പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഓടിപ്പോകുക… ഇത് നേതൃത്വമല്ല, മറിച്ച് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നായിരുന്നു വിജയ് സേതുപതിയുടെ പ്രസ്താവന.
വിജയ് സേതുപതി തന്റെ പ്രസ്താവനയിൽ ആരുടെയും പേര് പറഞ്ഞില്ലെന്ന് മാത്രമല്ല ഒരു നേതാവിനെയോ പാർട്ടിയെയോ സംഘടനയെയോ അദ്ദേഹം പരാമർശിച്ചതുമില്ല. എങ്കിലും ഇത് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ മേധാവിയുമായ വിജയുമായി ബന്ധപ്പെട്ടതാണെന്നാണ് വിജയ്യുടെ അനുയായികൾ പറയുന്നത് . വിജയ് സേതുപതിയ്ക്കെതിരെ ഇവർ രംഗത്തെത്തി കഴിഞ്ഞു.
രാഷ്ട്രീയ വ്യാഖ്യാനത്തിനായി ടിവി ഷോയുടെ വേദി ഉപയോഗിക്കുകയാണെന്ന് ടിവികെ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ബിഗ് ബോസ് തമിഴ് 10 വിശദീകരണവുമായി രംഗത്തെത്തി.
‘ ഇത് ഒരു നിശ്ചിത ഫോർമാറ്റ്, തീം, ഗെയിം പരിതസ്ഥിതി എന്നിവ അനുസരിച്ച് അവതരിപ്പിക്കുന്ന വിനോദ പരിപാടിയാണ്. ഷോയിൽ ചിത്രീകരിച്ചിരിക്കുന്ന മത്സരാർത്ഥികൾ തമ്മിലുള്ള സാഹചര്യങ്ങൾ, സംഭാഷണങ്ങൾ, വികാരങ്ങൾ, ചർച്ചകൾ എന്നിവ കഥയുടെ ഭാഗമാണ്, ആ സന്ദർഭത്തിൽ മനസ്സിലാക്കണം. സംഭാഷണങ്ങളോ പ്രകടനങ്ങളോ മറ്റേതെങ്കിലും വ്യക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങളോ നിഗമനങ്ങളോ ആയി വ്യാഖ്യാനിക്കരുത്. ഷോയിൽ പറയുന്ന ഒന്നിനും ഏതെങ്കിലും ബാഹ്യ വ്യക്തിയുമായോ, സംഘടനയുമായോ, സ്ഥാപനവുമായോ, പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല. ‘ എന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

