ഡബ്ലിൻ: അയർലൻഡിന്റെ അഭിമാന പദ്ധതിയായ മെട്രോ ലിങ്ക് പദ്ധതിയ്ക്ക് ചിലവേറുമെന്ന് റിപ്പോർട്ട്. അവസാന എസ്റ്റിമേറ്റിനേക്കാൾ വളരെ കൂടുതലായിരിക്കും ചിലവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിലവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് അംഗീകാരത്തിനായി ഇന്ന് ഗതാഗത മന്ത്രിയ്ക്ക് മുൻപിലെത്തും. ഇത് അംഗീകരിച്ചാൽ അടുത്ത വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
വർഷങ്ങൾക്ക് മുൻപാണ് മെട്രോ ലിങ്ക് പദ്ധതി പ്രഖ്യാപിച്ചത്. അന്നത്തെ വിലകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ചിലവ് നിർണയിച്ചിരുന്നത്. എന്നാൽ ഇന്ന് സാഹചര്യം മാറിയിട്ടുണ്ട്. ഇതാണ് ചിലവ് വർധിക്കാൻ കാരണമാകുന്നത്. ഇക്കാര്യം ദരാഗ് ഒ ബ്രയാൻ ഇന്ന് മന്ത്രിസഭയെ അറിയിക്കും. 2022ൽ പ്ലാനിംഗ് അനുമതി സമർപ്പിച്ചപ്പോൾ, 7.16 ബില്യൺ യൂറോ മുതൽ 12.25 ബില്യൺ യൂറോ വരെയാണ് ചിലവ് കണക്കാക്കിയിരുന്നത്. എന്നാൽ നിലവിൽ കുറഞ്ഞത് 9.5 ബില്യൺ യൂറോയെങ്കിലും ചിലവ് വരുമെന്നാണ് കരുതുന്നത്.

