ന്യൂഡൽഹി ; പാകിസ്ഥാൻ ക്രിക്കറ്റ് മേധാവി മൊഹ്സിൻ നഖ്വിയിൽ നിന്ന് വനിതാ ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെതിരെ എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി . എന്തിനാണ് പാകിസ്ഥാനുമായി കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാകുന്നതെന്നാണ് ഒവൈസിയുടെ ചോദ്യം .
“എന്തൊരു അസംബന്ധമാണിത്… എന്തിനാണ് നിങ്ങൾ അവരുമായി കളിക്കുന്നത്? സിന്ധു നദീജല കരാർ പോലും റദ്ദാക്കാമെന്നിരിക്കെ, ഐസിസി കരാർ എങ്ങനെയാണ് നിർബന്ധിതമായി മാറുന്നത്?”
പഹൽഗാമിൽ ഭീകരവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് സർക്കാരിന് എന്തുകൊണ്ട് സഹാനുഭൂതിയില്ലെന്നും, ടിവി സംപ്രേഷണാവകാശത്തിലൂടെ ബിസിസിഐക്ക് ലാഭമുണ്ടാക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നും ഒവൈസി ചോദിച്ചു.
ഭീകരവാദത്തെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവുമായി ഇന്ത്യ എന്തുകൊണ്ട് ഇപ്പോഴും കളിക്കുന്നത് . ചെങ്കോട്ടയിലുണ്ടായ സമീപകാല ചാവേറാക്രമണത്തിന് പിന്നിൽ പോലും പാകിസ്ഥാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എട്ടാം തവണയും വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വി സമ്മാനദാന വേദിയിലുണ്ടായിരുന്നു. എന്നാൽ, നഖ്വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറോ , ടീമോ വേദിയിലേക്ക് വന്നില്ല. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തുവിന് റണ്ണർ-അപ്പ് ചെക്ക് കൈമാറിയ ശേഷം നഖ്വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം പുരുഷ ടീം എടുത്ത തീരുമാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു വനിതാ ടീമെന്നും, നിലവിലെ സാഹചര്യത്തിൽ ബിസിസിഐക്ക് തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താനാവില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കിയിരുന്നു .
പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോൾ, കാണികളിൽ നിന്ന് “ട്രോഫി കള്ളൻ, ട്രോഫി കള്ളൻ” എന്ന വിളികളും ഉയർന്നു . 2025-ലെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുണ്ടായ ട്രോഫി വിവാദത്തിലും നഖ്വിക്കെതിരെ ഇതേ മുദ്രാവാക്യം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം ദുബായിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് നേടിയിരുന്നു. ആ മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങ് ഒരു മണിക്കൂറിലധികം വൈകി. നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ല, തുടർന്ന് എസിസി ചെയർമാൻ ട്രോഫിയുമായി മടങ്ങി. ആ ട്രോഫി ഇപ്പോഴും ദുബായിലെ എസിസി ആസ്ഥാനത്താണുള്ളത്. ആ സംഭവത്തിന് ശേഷം, സോഷ്യൽ മീഡിയയിൽ “ട്രോഫി കള്ളൻ” എന്ന വാക്ക് വലിയ തോതിൽ പ്രചരിക്കുകയും പാകിസ്ഥാൻ കടുത്ത നാണക്കേട് നേരിടുകയും ചെയ്തിരുന്നു

