ന്യൂഡൽഹി: പരസ്പര സഹകരണത്തിലൂടെയും ശക്തികൾ പങ്കുവെച്ചും ഇന്ത്യയ്ക്കും, ചൈനയ്ക്കും പൊതുവായ വികസനം കൈവരിക്കാൻ കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് . ബ്രിക്സ് ഉച്ചകോടിക്കിടെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഷി ജിൻപിങ് .
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും ദക്ഷിണേഷ്യയിലെ പ്രധാന ശക്തികളുമായതിനാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും സുപ്രധാന ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളും കൂടുതൽ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് ഷി ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ തങ്ങളുടെ പങ്ക് വഹിക്കണം . പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സ്ഥിതിഗതികൾ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, അവിടെയുള്ള യുദ്ധം മേഖലയിലുടനീളമുള്ള ആളുകൾക്ക് ഗുരുതരമായ നഷ്ടമുണ്ടാക്കുകയും അന്താരാഷ്ട്ര സമൂഹത്തിൻ്റെ പൊതു താൽപ്പര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നില്ല.
ചരിത്രത്തിൻ്റെ വലതുവശത്ത് നിൽക്കാൻ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾ തയ്യാറാകണം . ശീതയുദ്ധ മാനസികാവസ്ഥയെയും ദേശീയ പരമാധികാര ലംഘനത്തെയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെയും എതിർക്കാൻ ബ്രിക്സ് അംഗരാജ്യങ്ങൾ തയ്യാറാകണം . വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം വേണം . ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം വർദ്ധിപ്പിക്കുന്നതിനൊപ്പം സൈബർസ്പേസ്, ബഹിരാകാശം, ആഴക്കടൽ എന്നിവയുടെ ആഗോള ഭരണത്തിന് ബ്രിക്സ് നേതൃത്വം നൽകണമെന്നും “ ഷി ജിൻപിംഗ് പറഞ്ഞു.

