ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പാർട്ടി പദവികളിൽ നിന്ന് രാജിവച്ചു. 2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, തന്റെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദൻ സിംഗ് ജീനയുടെ വസതിയിലും മറ്റ് സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
അഴിമതിക്കെതിരായ കോൺഗ്രസ് പാർട്ടിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ തന്റെ അടുത്ത സഹായിയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്നീ പദവികളിൽ നിന്നാണ് അദ്ദേഹം രാജിവച്ചത്.
മുൻ യു കെ എസ് എസ് എസ് സി ഉദ്യോഗസ്ഥർ, OMR ഷീറ്റുകൾ കൈകാര്യം ചെയ്ത സ്വകാര്യ കമ്പ്യൂട്ടർ ഏജൻസിയുടെ ഉടമ, ഇടനിലക്കാരായി പ്രവർത്തിച്ചവർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ ഡെറാഡൂണിലെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. ചന്ദൻ സിംഗിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപയും, 200.5 ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയങ്ങളും മാലകളും, 12 ആഡംബര വാച്ചുകളും ഇഡി പിടിച്ചെടുത്തു.
സിംഗിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 52.16 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി സിംഗിന്റെ ഫോൺ പിടിച്ചെടുത്തു. നിലവിൽ റാവത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയാണ് സിംഗ്. 2014-നും 2017-നും ഇടയിൽ റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ ആയും സിംഗ് പ്രവർത്തിച്ചിട്ടുണ്ട്.

