തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി . വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയ നിയമനങ്ങളും അധിക ചുമതലകളും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി .
ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായി സ്നേഹിൽ കുമാർ സിംഗിനെ നിയമിച്ചു. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ശ്രീധന്യ സുരേഷിനെ കാസർകോട് ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന അനു കുമാരിയെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. ലോട്ടറി ഡയറക്ടർ അഞ്ജു കെ.എസ്. ആയിരിക്കും പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ.
എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സിഇഒ എന്ന അധിക ചുമതല നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് രേണു രാജിനെ മാറ്റി. അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും കെ. ഇമ്പശേഖറിനെ സംസ്ഥാന ലോട്ടറി ഡയറക്ടറായും നിയമിച്ചു.
അനു എസ്. നായരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായും, അർജുൻ പാണ്ഡ്യനെ കൃഷി ഡയറക്ടറായും, ഡോ. കെ. ഹരികുമാറിനെ സിവിൽ സപ്ലൈസ് ഡയറക്ടറായും, സാബിൻ സമീദിനെ പിആർഡി ഡയറക്ടറായും, ശിഖ സുരേന്ദ്രനെ കില (KILA) ഡയറക്ടറായും, ചെൽസാസിനി വി.യെ ഫിഷറീസ് ഡയറക്ടറായും, ഡി. ധർമ്മലശ്രീയെ ശുചിത്വ മിഷൻ ഡയറക്ടറായും നിയമിച്ചു.

