ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വർധിച്ചു. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പം 3.7 ശതമാനമെന്ന നിലയിലെത്തി. ജൂലൈയിൽ 3.4 ശതമാനം ആയിരുന്നു പണപ്പെരുപ്പം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ.
ഓയിൽ വിലയിലെ വർധനവാണ് മൊത്തത്തിലുള്ള വില വർധനവിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിൽ കഴിഞ്ഞ 12 മാസത്തിനിടെ 44 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പെട്രോൾ 9 ശതമാനവും ഡീസൽ 15 ശതമാനവും വർധിച്ചു. വൈദ്യുതി വിലയിൽ കഴിഞ്ഞ 12 മാസത്തിനിടെ 8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതെല്ലാമാണ് പണപ്പെരുപ്പത്തിലെ മാറ്റത്തിന് കാരണം ആയത്.

