ഉഡുപ്പി : കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്ര ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്ത് നൽകാനെന്ന പേരിൽ വ്യാജ വെബ്സൈറ്റ് . താമസസൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞ് ഭക്തരെ കബളിപ്പിച്ച് ഈ വ്യാജ വെബ്സൈറ്റ് വഴി പണം തട്ടുകയും ചെയ്തിട്ടുണ്ട് . സംഭവത്തിൽ കൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ ഷെട്ടി സമർപ്പിച്ച പരാതി പ്രകാരം, ഹോട്ടൽ അക്കൊമഡേഷന്റെ പേരിൽ അജ്ഞാത വ്യക്തി അനധികൃത വെബ്സൈറ്റ് സൃഷ്ടിച്ച് ക്ഷേത്രത്തിന്റെ പേരിൽ പണം തട്ടിയെടുത്തതായി പറയുന്നു.
ജഗദംബിക ഗസ്റ്റ് ഹൗസിലെ മുറികളിലേക്കുള്ള ബുക്കിംഗുകൾക്ക് എന്ന പേരിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് . വാട്ട്സ്ആപ്പ് വഴി ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും പണമടയ്ക്കുന്നതിനുള്ള ക്യുആർ കോഡുകൾ നൽകുകയും ചെയ്തു . ഭക്തരിൽ നിന്ന് റൂം നൽകാമെന്ന പേരിൽ പണം വാങ്ങിയ ശേഷം വ്യാജ രസീതുകൾ നൽകുകയും ചെയ്തു.
ഇത് വിശ്വസിച്ച് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ചിലർ തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയത് . പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലൂർ പോലീസ് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 (സി), ബിഎൻഎസ് 2023 ലെ സെക്ഷൻ 318 എന്നിവ പ്രകാരം കേസെടുത്തു.

