കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിലെ പിളർപ്പിനെയും രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെയും തുടർന്ന് ഇരുവിഭാഗങ്ങളിലെയും നേതാക്കൾ സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ . ഇത് സംബന്ധിച്ച് ടിഎംസി നേതാക്കളായ മമത ബാനർജിക്കും വിമത വിഭാഗം ഋതബ്രത ബാനർജിക്കും കമ്മീഷൻ കത്ത് നൽകി . സെപ്റ്റംബർ 12 ന് രാവിലെ 11:00 നും ഉച്ചയ്ക്ക് 12:00 നും അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മീഷന് മുമ്പാകെ സ്വന്തം വാദം അവതരിപ്പിക്കാനാണ് നിർദേശം.
“പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യുന്നതിനായി അഞ്ചംഗ പ്രതിനിധി സംഘവുമായി യോഗം നടത്താൻ കമ്മീഷൻ തീരുമാനിച്ചു. ഈ യോഗം സെപ്റ്റംബർ 12 ന് രാവിലെ 11 മണിക്ക് ഡൽഹിയിലെ ദ്വാരകയിലെ IIIDEM-ൽ നടക്കും,” ഋതബ്രത ബാനർജിക്ക് അയച്ച കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഇതിനുപുറമെ, അതേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ മമത ബാനർജി വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം നൽകിയിട്ടുണ്ട്. അതേസമയം നന്ദിഗ്രാം, രാജ്നഗർ ഉപതിരഞ്ഞെടുപ്പുകൾ ടിഎംസിയുടെ ഭാവി നിർണയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ . ഇത് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നത്തെയും ബാധിച്ചേക്കും. വരാനിരിക്കുന്ന നന്ദിഗ്രാം, രാജ്നഗർ ഉപതിരഞ്ഞെടുപ്പുകൾക്ക് നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആണ്. അതിനാൽ, തർക്കം പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് വളരെ കുറച്ച് സമയമേയുള്ളൂ. ടിഎംസിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പേരും കമ്മീഷൻ ഇതുവരെ മരവിപ്പിച്ചിട്ടില്ല.
മമത ബാനർജി നന്ദിഗ്രാമിൽ നിന്ന് മത്സരിച്ചാൽ വിമത വിഭാഗം അവർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ടിഎംസി വക്താവ് റിജു ദത്ത പറയുന്നുണ്ട് . എന്നാൽ ചിഹ്നത്തിന്റെ കാര്യത്തിൽ തീർപ്പുണ്ടായിട്ടില്ല . മുൻപ് , മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട സമാനമായ കേസിൽ, 2022 ലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ യഥാർത്ഥ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. ആ സമയത്ത്, കമ്മീഷൻ രണ്ട് വിഭാഗങ്ങൾക്കും താൽക്കാലികവും പ്രത്യേകവുമായ പേരുകളും ഇടക്കാല ചിഹ്നങ്ങളും നൽകിയിരുന്നു. ടി എം സിയുടെ കേസിലും ഈ നീക്കമുണ്ടാകുമോയെന്നും സംശയമുണ്ട്.

