മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടു. മറ്റൊരാൾ അദ്ദേഹത്തിന്റെ അംഗരക്ഷകനായി വേഷമിട്ട് തോക്ക് കൈവശം വച്ചിരുന്നു.അറസ്റ്റിലായ ഒരാൾ രോഹൻ പരേഖ് (24) ആണെന്ന് പൊലീസ് പറഞ്ഞു
പ്രധാനമന്ത്രിയുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പ്, വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പരേഖിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നി. തുടർന്നുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പിഎംഒ തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. അംഗരക്ഷകനാണെന്ന് അവകാശപ്പെട്ട മറ്റൊരാളെ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് പിന്നീടാണ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുമ്പ് ഉയർന്ന സുരക്ഷയുള്ള വേദിക്ക് സമീപം എത്താൻ അവർക്ക് എങ്ങനെ കഴിഞ്ഞുവെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിലാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്നത്.

