വാഷിംഗ്ടൺ : കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്ക സാക്ഷ്യം വഹിച്ചത് മൂന്ന് വലിയ ഭീകരാക്രമണങ്ങൾക്ക് . ഇന്നലെ ന്യൂ ഓർലിയാൻസിൽ പുതുവത്സരം ആഘോഷിക്കാൻ തടിച്ചുകൂടിയ ആളുകൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയതിനെ തുടർന്ന് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം, ലാസ് വെഗാസിലെ ഡൊണാൾഡ് ട്രംപിൻ്റെ ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്ല സൈബർട്രക്ക് പൊട്ടിത്തെറിച്ചു, ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പിന്നാലെയാണ് ഒരു നിശാക്ലബ്ബിൽ കൂട്ട വെടിവയ്പുണ്ടായത്. 11 പേർക്കാണ് സംഭവത്തിൽ വെടിയേറ്റത്. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ടെക്സസ് സ്വദേശിയായ ഷംസുദ്ദീന് ജബ്ബാര്‍ എന്ന 42-കാരനാണ് ന്യൂ ഓര്‍ലിയന്‍സില്‍ 15 പേരുടെ ജീവനെടുത്ത അക്രമി. ഭീകരാക്രമണമാണെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ഇയാൾ ഓടിച്ചിരുന്ന ട്രക്കിൽ നിന്ന് ഐഎസ് പതാക കണ്ടെടുത്തതായും എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് സൈബർ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.ഈ വിഷയത്തിൽ, ഇലോൺ മസ്കും പ്രതികരിച്ചിട്ടുണ്ട് . ഇതുവരെ ഒരു സൈബർ ട്രക്കിലും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും തൻ്റെ കമ്പനിയുടെ മുതിർന്ന ടീം മുഴുവൻ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും മസ്ക് പറഞ്ഞു. ഇതിനെ ഭീകരാക്രമണമെന്നും മസ്ക് വിശേഷിപ്പിച്ചു.
ടെസ്ല സൈബർ ട്രക്ക് സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ന്യൂയോർക്കിലെ ക്വീൻസിലുള്ള നിശാക്ലബ്ബിൽ വെടിവെപ്പ് ഉണ്ടായത്.11 പേർക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. അമേരിക്കൻ സമയം രാത്രി 11.45നായിരുന്നു വെടിവെപ്പ്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നിരവധി യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു