ന്യൂഡൽഹി : സൗത്ത് ഡൽഹിയിലെ സത്യ നികേതനിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു . ഗുരുഗ്രാമിൽ താമസിക്കുന്ന ഹരിയോം ബൻസാലും സഹോദരൻ ആനന്ദ് ബൻസാലും ആണ് കെട്ടിടത്തിന്റെ ഉടമകളെന്ന് പറയപ്പെടുന്നു.
മൂന്ന് മുതൽ നാല് വരെ പിജി സെന്ററുകൾ നടത്തുന്നവരാണ് ഇവർ. കെട്ടിടത്തിന്റെ ബേസ്മെന്റിൽ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . ഒരു മാസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. ഒരു വർഷം മുമ്പ് ഈ കെട്ടിടം ഒഴിപ്പിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. രണ്ട് മാസം മുമ്പാണ് ഈ കെട്ടിടത്തിലെ പിജി ആരംഭിച്ചതെന്നും സൂചനയുണ്ട്.
അതേസമയം നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് . ഒമ്പത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ മൂന്ന് പേരെ എയിംസ് ട്രോമ സെന്ററിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ് . സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടത്തിൽ വിദ്യാർത്ഥികൾക്കായി പിജി സെന്ററും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച അവധി ദിവസമായതിനാൽ മിക്ക വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്ത സ്ഥലം സന്ദർശിച്ചു .“ ഡിഡിഎംഎ, എൻഡിആർഎഫ്, ഡൽഹി ഫയർ സർവീസസ്, ഡൽഹി പോലീസ്, എംസിഡി, സിഎടിഎസ്, സിവിൽ ഡിഫൻസ് എന്നിവയിൽ നിന്നുള്ള സംഘങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മുൻകരുതൽ എന്ന നിലയിൽ, സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്താനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഓരോ പൗരന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങളുടെ മുൻഗണന.” – രേഖാഗുപ്ത പറഞ്ഞു,
എട്ട് ഫയർ എഞ്ചിനുകളും വിവിധ വകുപ്പുകളിൽ നിന്നുള്ള നിരവധി രക്ഷാ സംഘങ്ങളും സ്ഥലത്തുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി അടിയന്തര ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് കെട്ടിടം തകർന്നത്. അപകടത്തിൽ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി.
.

