ഡബ്ലിൻ: പൊതുഗതാഗത നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സിഇഒയെ ഒയിറിയാച്ച്ടാസ് ട്രാൻസ്പോർട്ട് കമ്മിറ്റി ചോദ്യം ചെയ്യണമെന്ന് ഫിയന്ന ഫെയിൽ സെനേറ്റർ ആവശ്യപ്പെട്ടു. അടുത്ത വർഷം ജനുവരി മുതൽ 15 ശതമാനം വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക.
നിരക്ക് വർധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെതിരെ സെനേറ്റർ ലോറൈൻ ക്ലിഫോർഡ് ലീ രംഗത്ത് എത്തിയത്. പൊതുജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണ് നിരക്ക് വർധനയ്ക്കെതിരെ ഉണ്ടാകുന്നതെന്ന് ക്ലിഫോർഡ് പറഞ്ഞു. ഈ സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കണം. നിരക്ക് വർധനവ് എങ്ങിനെയാണ് ഗതാഗത മേഖലയ്ക്കും പൊതുജനങ്ങൾക്കും ഗുണമേകുക എന്നതിൽ സുതാര്യത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

