ഡബ്ലിൻ: മുതിർന്നവരുടെ പൊതുഗതാഗത നിരക്കുകളിൽ വർധന. അടുത്ത വർഷം ജനുവരി മുതൽ നിരക്കുകളിൽ ശരാശരി 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.
90 മിനിറ്റ് ലീപ് കാർഡ് യാത്രയ്ക്ക് നേരത്തെ രണ്ട് യൂറോ ആയിരുന്നു. അടുത്ത ജനുവരി മുതൽ ഇത് 2.30 യൂറോ ആകും. 2018 ന് ശേഷമുള്ള ആദ്യത്തെ വർധനവാണ് ഇത്. അതേസമയം യാത്രാ നിരക്ക് എന്നത് സഞ്ചിത പണപ്പെരുപ്പത്തെക്കാൾ താഴെയാണെന്ന് എൻടിഎ വ്യക്തമാക്കുന്നു. 2022 മുതൽ സഞ്ചിത പണപ്പെരുപ്പം എന്നത് 20.8 ശതമാനം വർധിച്ചിട്ടുണ്ട്. ഡബ്ലിൻ ബസ്, ബസ് ഐറിയാൻ, ഐറിഷ് റെയിൽ, ലുവാസ്, ഗോ-അഹെഡ് അയർലൻഡ്, ടിഎഫ്ഐ ലോക്കൽ ലിങ്ക് സേവനങ്ങൾ എന്നിവയുൾപ്പെടെ ട്രാൻസ്പോർട്ട് ഫോർ അയർലൻഡ് (ടിഎഫ്ഐ) നെറ്റ്വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) സേവനങ്ങളിലും പുതുക്കിയ നിരക്കുകൾ ബാധകമാകും.

