തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മനേഷിനെയാണ് കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണറെ ആക്രമിച്ച കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 31 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പോലീസ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് വീണ്ടും മാർച്ച് നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ സ്ത്രീകളടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പിന്നീട് അക്രമാസക്തമായി. പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് സമരക്കാരെ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമായി മാറിയതോടെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി.

