കൊല്ലം: നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും . കൊല്ലം പരവൂർ സ്വദേശി സുനന്ദ മണിരാജൻ (63) നെയാണ് കാണാതായത്. കഴിഞ്ഞ 27 വർഷമായി കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിര താമസക്കാരിയാണ് സുനന്ദ . കൈലാസ പർവ്വത തീർത്ഥാടനത്തിനായാണ് നേപ്പാളിലേക്ക് പോയത്.
സുനന്ദ ഉൾപ്പെട്ട സംഘം ഓഗസ്റ്റ് 22 നാണ് ലണ്ടനിൽ നിന്ന് പുറപ്പെട്ടത് . ആൽപൈൻ എക്കോ ട്രെക്ക് എന്ന കമ്പനിയാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്. ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് മുമ്പ് കുടുംബം അവസാനമായി വാട്ട്സ്ആപ്പ് വഴി സുനന്ദയെ ബന്ധപ്പെട്ടു. അതിർത്തി കടക്കാൻ കാത്തിരിക്കുകയാണെന്ന് അവർ കുടുംബത്തെ അറിയിച്ചിരുന്നു. അതിനുശേഷം അവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
നെറ്റ്വർക്ക് പ്രശ്നങ്ങൾ കാരണം സുനന്ദയ്ക്ക് തങ്ങളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് കുടുംബം ആദ്യം കരുതിയിരുന്നത് . പിന്നീടാണ് ദുരന്തത്തെക്കുറിച്ച് അറിഞ്ഞത് . അതിർത്തി പാലം കടക്കാൻ കാത്തിരിക്കുമ്പോൾ വെള്ളപ്പൊക്കം ഉണ്ടായതായും സംഘത്തിലെ എല്ലാ അംഗങ്ങളെയും കാണാതായതായും ട്രാവൽ ഏജന്റ് അറിയിച്ചതായി കുടുംബം പറഞ്ഞു.
ഒടുവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അവർ അതിർത്തിക്കടുത്തുള്ള റസുവാഗാധി പ്രദേശത്തായിരുന്നു. നേപ്പാൾ അധികൃതർ പുറത്തുവിട്ട കാണാതായവരുടെ പട്ടികയിൽ സുനന്ദയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോസൈൻകുണ്ഡയിലേക്ക് തീർത്ഥാടനത്തിനായി പോയ സുനന്ദ ഉൾപ്പെടെ 16 ഇസ്കോൺ തീർത്ഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്കോൺ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. സംഘത്തിലെ ഏക മലയാളി സുനന്ദയാണ് . ലണ്ടനിലെ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയായിരുന്നു സുനന്ദ.

