ലക്നൗ : കൗശമ്പിയിലെ മുഹമ്മദ്പൂർ മനുരിയിൽ 11 പേരുടെ മരണത്തിനിടയാക്കിയ അനധികൃത പടക്ക ഫാക്ടറി ഗോഡൗണിന് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ നടപടി . പ്രധാന പ്രതിയായ മുഹമ്മദ് ആദിലിന്റെ ഗോഡൗണുകളാണ് പൊളിച്ചു നീക്കിയത്. മറ്റ് ഗോഡൗണുകൾ പൊളിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആദിലിന്റെ കൂട്ടുപ്രതികളായ ഷബാനയെയും സൈനയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഫാക്ടറി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനും അശ്രദ്ധയ്ക്കും പിപ്രി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു . സൂപ്രണ്ട് സത്യനാരായണ പ്രജാപത് നടപടി സ്വീകരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു . ഇവർ പ്രയാഗ്രാജിലെ എസ്ആർഎൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പിപ്രി പോലീസ് സ്റ്റേഷൻ പ്രദേശത്തിന്റെ അതിർത്തിയിലുള്ള പടക്ക ഫാക്ടറിയിലാണ് സ്ഫോടനം നടന്നത് . പോലീസുകാരും , എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം . ബിഎൻഎസ്, സ്ഫോടകവസ്തു നിയമത്തിലെ കർശന വകുപ്പുകൾ പ്രകാരം പിപ്രി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആദിലിന്റെ സഹായികളായ നൗഷാദ് അലി, ഷക്കീൽ, ഇവരുടെ ഭാര്യമാർ എന്നിവരും ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. സ്വത്ത് കണ്ടുകെട്ടലും മറ്റ് കർശന നിയമ നടപടികളും പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം സ്വീകരിക്കും.

