ന്യൂഡൽഹി : ഏപ്രില്‍-ജൂണ്‍ പാദത്തിൽ രാജ്യത്ത് 7.8% ജിഡിപി വളർച്ച . ഇത് രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ‘ആത്മനിർഭർ ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്ന കിർഗിസ്ഥാനിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷവാർത്ത പങ്കുവെച്ചത്.
‘ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. 7.8% വളർച്ച രാജ്യത്തെ സന്തോഷത്താൽ നിറച്ചിരിക്കുന്നു. ജനങ്ങളുടെ ദൃഢനിശ്ചയത്തിനെയും, കഠിനാധ്വാനത്തിനെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണ്. ലോകം യുദ്ധത്തിൽ മുങ്ങിയിരിക്കുന്നു. ലോകം പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു, വിതരണ ശൃംഖലകൾ തകർന്നിരിക്കുന്നു. കോവിഡ് കാലഘട്ടം മുതൽ ഇന്നുവരെ, എവിടെയും സ്ഥിരത ഉണ്ടായിട്ടില്ല. ഇതൊക്കെയാണെങ്കിലും, ഇന്ത്യ അതിവേഗം മുന്നേറുകയാണ്.
ടൂറിസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്. വിദേശത്ത് ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ‘ഇന്ത്യയിലെ വിവാഹം’ എന്ന രീതി പിന്തുടരുക. അത്യാവശ്യമില്ലെങ്കിൽ, സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കുക. സ്വാശ്രയത്വത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ, വികസിത ഇന്ത്യയെ രാജ്യത്തെ യുവാക്കൾക്ക് കൈമാറാൻ നമുക്ക് കഴിയും. നമ്മുടെ നയങ്ങൾ ശരിയാണ്, നമ്മുടെ ലക്ഷ്യം വ്യക്തമാണ്. 1.4 ബില്യൺ ജനങ്ങളുടെ ഐക്യം രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുന്നു,’ മോദി വീഡിയോയിൽ പറഞ്ഞു.

