തിരുവനന്തപുരം : ഈ ഓണക്കാലത്തും ബെവ്കോ മദ്യ വിൽപ്പനയിൽ വൻ വർധനവ് . ഓണക്കാലത്തെ എട്ട് ദിവസം ബെവ്കോ 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വിൽപ്പനയാണ് വർധിച്ചത്.
ഉത്രാടം ദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ മദ്യം വിറ്റു. തിരുവോണത്തിന് ബെവ്കോ അവധിയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യ വിൽപ്പനയിൽ വർധനവുണ്ടായതായി ബെവ്കോ ജീവനക്കാരും പറഞ്ഞു.
എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് 21 നും 23 നും ഇടയിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി 279.12 കോടി രൂപയുടെ മദ്യം വിറ്റു, കഴിഞ്ഞ വർഷം ഓണം സീസണിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 250.96 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഈ വർഷം കേരളത്തിൽ ബിയർ വിൽപ്പനയും 29.2% വർദ്ധിച്ചു, ഏപ്രിൽ 1 നും ഓഗസ്റ്റ് 23 നും ഇടയിൽ ഏകദേശം 49.15 ലക്ഷം കെയ്സുകൾ വിറ്റഴിച്ചുവെന്ന് ബെവ്കോ കണക്കുകൾ വ്യക്തമാക്കുന്നു.

