കൊച്ചി ; മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി . വിചാരണക്കോടതി വിധിച്ച 5 വർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്. നാലു പ്രതികൾക്കും ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി.ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ഹര്ജിക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു
പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലാണ് ഗീതാനന്ദൻ ഉൾപ്പെടെ നാലു പേരെ വിചാരണ കോടതി ശിക്ഷിച്ചത്. വിചാരണക്കോടതി പ്രതികളെ കൊലപാതക കുറ്റത്തിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം 5 വർഷം തടവും 36,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ഗീതാനന്ദന് പുറമെ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
2003 ഫെബ്രുവരി 19 ന് മുത്തങ്ങയിൽ ആദിവാസി സഭയുടെ നേതൃത്വത്തിൽ ഭൂമി തർക്കം നടത്തിയവരെ ഒഴിപ്പിക്കാനുള്ള പോലീസ് നടപടി അക്രമത്തിൽ കലാശിച്ചിരുന്നു . അക്രമത്തിൽ , കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിളായ കെവി വിനോദ് കൊല്ലപ്പെട്ടു. . കൂടാതെ, പോലീസ് വെടിവയ്പ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു. അക്രമത്തിൽ നിരവധി പോലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു.
എ കെ ആന്റണി സർക്കാരിന്റെ കാലത്താണ് ഈ സംഭവം നടന്നത്. സി കെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ആദിവാസികൾ നയിച്ച അവകാശ സമരമാണ് കലാപത്തിന് കാരണമായത്.

