ന്യൂഡൽഹി ; രാജ്യതലസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെ ക്രൈം ബ്രാഞ്ചിന്റെ എആർഎസ്സി സംഘം അറസ്റ്റ് ചെയ്തു. കറാച്ചി സ്വദേശി മുഹമ്മദ് അദ്നാനാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് അദ്നാൻ കുടുങ്ങിയത്.
വിശദമായ ചോദ്യം ചെയ്യലിൽ മുഹമ്മദ് അദ്നാന് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ വിസയോ യാത്രാ രേഖകളോ ഇല്ലെന്ന് വ്യക്തമായി. എന്നിട്ടും ഡൽഹിയിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. 2022 ഡിസംബർ 30 ന്, ഭാര്യ സൈനബിനൊപ്പം അദ്നാൻ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് അട്ടാരി-വാഗ അതിർത്തി വഴി യാത്ര ചെയ്തിരുന്നു .
തുടർന്ന് അംഗീകൃത ഇമിഗ്രേഷൻ മാർഗങ്ങൾ വഴി സൈനബ് ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ 2025 മെയ് മാസത്തിൽ മുഹമ്മദ് അദ്നാൻ നേപ്പാൾ വഴി വീണ്ടും ഇന്ത്യയിലേക്ക് എത്തി . അന്വേഷണത്തിൽ ഡൽഹിയിലെ കുച്ച ചേലാൻ, ദര്യഗഞ്ച് എന്നിവിടങ്ങളിൽ ഇയാൾ താമസിച്ചതായി കണ്ടെത്തിട്ടുണ്ട് . ഡൽഹി മിലിട്ടറി ഇന്റലിജൻസ് യൂണിറ്റിലെയും സ്പെഷ്യൽ സെല്ലിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് അദ്നാനെ ചോദ്യം ചെയ്തത്.
സംയുക്ത ചോദ്യം ചെയ്യലിനും വിശദമായ പരിശോധനയ്ക്കും ശേഷം, മുഹമ്മദ് അദ്നാനെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ മിലിട്ടറി ഇന്റലിജൻസ് ശുപാർശ ചെയ്തു. ഇതിനെത്തുടർന്ന്, നിയമപ്രകാരം അദ്നാനെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ, ആരംഭിച്ചിട്ടുണ്ട് . നിലവിൽ ലാംപൂരിലെ സേവാ സദാനിൽ അദ്നാനെ തടവിലാക്കിയിരിക്കുകയാണ് .

