ജക്കാർത്ത : ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം . റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ 35 ഓളം പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാവിലെ ഉണ്ടായത് . ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) സ്ഥിരീകരിച്ചതുപോലെ, 163 കിലോമീറ്റർ താഴ്ചയിലാണ് ഏറ്റവും പുതിയ ഭൂകമ്പം രേഖപ്പെടുത്തിയത്.
നുസ തെങ്കാരയുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതിനാൽ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കാനും ആരംഭിച്ചു.
ഭൂകമ്പത്തിൽ മണ്ണിടിച്ചിലും വൈദ്യുതി തടസ്സവും ഉണ്ടായി. ഭൂകമ്പ ബാധിത പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി. മണ്ണിടിച്ചിലിൽ റോഡുകൾ തടസ്സപ്പെട്ടതിനാൽ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ നഗേക്കോയിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. രാജ്യമെമ്പാടും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന്റെ തീരത്താണ് ശനിയാഴ്ച രാവിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ മാബെയിൽ നിന്ന് 36 കിലോമീറ്റർ വടക്കുകിഴക്കായി 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ബികെഎംജി റിപ്പോർട്ട് ചെയ്തു.
ആദ്യ ഭൂകമ്പത്തിന് ശേഷം അതേ പ്രദേശത്ത് 5.6 ഉം 5.9 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ തുടർചലനങ്ങൾ കൂടി അനുഭവപ്പെട്ടു . പല തീരദേശ പ്രദേശങ്ങളിലും ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോൾ അവ പിൻവലിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, കെട്ടിടങ്ങൾ തകർന്നുവീഴുന്നതും കേടുപാടുകൾ സംഭവിക്കുന്നതും ഇതിൽ കാണാം. ആളുകൾ സുരക്ഷയ്ക്കായി കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും പലായനം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
2004-ൽ സുമാത്രയുടെ തീരത്ത് ഉണ്ടായ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത് . സുനാമിയിൽ ആ മേഖലയിലുടനീളം 220,000 പേർ കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിൽ ഏകദേശം 170,000 പേർ കൊല്ലപ്പെട്ടു. 2018-ൽ, ഇന്തോനേഷ്യൻ ദ്വീപായ ലോംബോക്കിൽ ശക്തമായ ഭൂകമ്പം ഉണ്ടായി, തുടർന്ന് അടുത്ത ഏതാനും ആഴ്ചകളിൽ നിരവധി തുടർചലനങ്ങൾ ഉണ്ടായി.

