കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോട്ടയത്ത് നാലു വയസ്സുകാരനാണ് രോഗം കണ്ടെത്തിയത് . കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷിഗെല്ല ജനുസ്സിൽപ്പെട്ട ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് ഉണ്ടാക്കുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
മലിനമായ വെള്ളത്തിന്റെയും കേടായ ഭക്ഷണത്തിന്റെയും ഉപയോഗം, കഴുകാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം, ഷിഗെല്ല ബാധിച്ച ആളുകളുമായി അടുത്ത ബന്ധം, രോഗബാധിതർ തയ്യാറാക്കിയ ഭക്ഷണം കഴിക്കൽ എന്നിവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്. ഈ മഴക്കാലത്ത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി ദുർബലമായവരിലും മരണസാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ, ഷിഗെല്ല വളരെ വേഗത്തിൽ പടരും. രോഗികളുടെ മലവുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ രോഗം എളുപ്പത്തിൽ പടരും.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലുകളെ ബാധിക്കുന്നതിനാൽ, വയറിളക്ക സമയത്ത് രക്തവും കാണപ്പെടാറുണ്ട് . രണ്ട് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചില സന്ദർഭങ്ങളിൽ, ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കും.

