തിരുവനന്തപുരം : ശബരിമലയിൽ മിൽമ നെയ്യ് വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രതിചേർക്കും . കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ബോർഡ് മുൻ അംഗം എ. അജി കുമാറും പരേതനായ ബി. മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിക്കും.
കഴിഞ്ഞ മണ്ഡല സീസണിൽ ശബരിമലയിൽ അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടുകളാണ് എസ്.ഐ.ടി അന്വേഷിക്കുന്നത് . ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ബുധനാഴ്ചയാണ് ഐ.പി.എസ് ഓഫീസറും വിജിലൻസ് സൂപ്രണ്ടുമായ എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘത്തെ ഇതിനായി നിയമിച്ചത്.
മിൽമയിൽ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റർ നെയ്യാണ് ശബരിമലയിലേയ്ക്ക് വാങ്ങിയത്. ഇതിൽ രണ്ട് കാര്യങ്ങളിലാണ് അന്വേഷണം. ഗുണനിലവാരമിലാത്ത നെയ്യാണ് ശബരിമലയിൽ എത്തിയത് . അതിനാൽ യഥാർഥ നെയ്യ് മറിച്ചു വിറ്റു സാമ്പത്തികനേട്ടമുണ്ടാക്കിയെന്നാണ് ആദ്യത്തെ സംശയം.മറ്റൊന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതോടേ രണ്ട് കോടി മുപ്പത് ലക്ഷത്തിന്റെ നഷ്ടം ബോർഡിനുണ്ടായി. ഇക്കാര്യവും അന്വേഷിക്കും.ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു.

