കർക്കടമാസം എന്നത് കേരളത്തിലെ ആളുകളെ സംബന്ധിച്ച് ദേഹരക്ഷയുടെ കാലം കൂടിയാണ്. ഈ ഒരു മാസം ആളുകൾ ഇലക്കറികൾ ഉൾപ്പെടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ആഹാരങ്ങൾ കഴിക്കുകയും ദേഹബലത്തിനായി ഉഴിച്ചിൽ ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്യുകയും ചെയ്യുന്നു. ഇലക്കറികൾക്ക് ഈ മാസത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇതുപോലെ തന്നെ കർക്കടകമാസത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഔഷധക്കഞ്ഞി.
ആരോഗ്യസംരക്ഷണത്തിനായി പണ്ട് മുതൽക്കുതന്നെ കഴിച്ചുപോരുന്ന ഒന്നാണ് ഈ കഞ്ഞി. കർക്കടകക്കഞ്ഞി എന്നാണ് ഇത് അറിയപ്പെടുന്നത്. മഴക്കാലത്ത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനശേഷി മെച്ചപ്പെടുത്താനും ഈ കഞ്ഞി വളരെ ഉത്തമമാണ്. ഇതിന് പുറമേ വാതരോഗങ്ങളെയും ഇത് പ്രതിരോധിക്കും.
ഞവര അരിയാണ് ഔഷധക്കഞ്ഞിയ്ക്കായി ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ഇതിന് പകരമായി പച്ചരി ഉപയോഗിക്കാറുണ്ട്. ഇതിലേക്ക് അങ്ങാടിമരുന്നുകളായ ജീവരം, ഉലുവ, കുരുമുളക്, ചുക്ക് എന്നിവ ചേർക്കും. ഇവയെല്ലാം ഇട്ട് വേവിച്ചെടുക്കുന്നതാണ് കർക്കിടകക്കഞ്ഞി. ചിലയിടങ്ങളിൽ തഴുതാമ, ആടലോടകം പോലുള്ള ഔഷധസസ്യങ്ങളുടെ വേരോ ഇലയുടെ നീരോ ചേർക്കാറുണ്ട്. ഇത് കഞ്ഞിക്ക് കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകുന്നു. വെന്ത കഞ്ഞിയിലേക്ക് രുചിയും പോഷക ഗുണവും വർധിക്കുന്നതിനായി തേങ്ങാപ്പാൽ, പശുവിൻനെയ്യ് എന്നിവ ചേർക്കാറുണ്ട്.
മഴക്കാലത്ത് പൊതുവെ ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പതുക്കെയാകും. കർക്കിടകക്കഞ്ഞിയിലെ ഔഷധഗുണം ദഹനക്ഷമതയും അഗ്നിബലവും മെച്ചപ്പെടുത്താൻ സഹായിക്കും. മഴക്കാല രോഗങ്ങളായ പനി, ജലദോഷം , കഫക്കെട്ട് എന്നിവയെ ഈ കഞ്ഞിയിലെ ഔഷധഗുണങ്ങൾ ചെറുക്കുന്നു. വേദനകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. അതിനാൽ ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കഞ്ഞി വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കാവുന്നതാണ്.

