ബെൽഫാസ്റ്റ്: അയർലൻഡിലെ ഏറ്റവും വലിയ സംഗീത വിരുന്നായ ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡിന് (ഫ്ലീഡ് ചിയോയിൽ നാ ഹീറാൻ ) തുടക്കമായി. ഇന്നലെ വൈകീട്ടായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. എട്ട് ദിവസം നീണ്ടു നിൽക്കുന്ന സംഗീതത്തിന്റെ ഉത്സവമാണ് ഇത്.
ബെൽഫാസ്റ്റ് മേയർ റോയിസ് – മെയർ ഡൊണലിയാണ് ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി, ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ- ബെഞ്ചലി എന്നിവർ ഉദ്ഘാടനപരിപാടിയുടെ ഭാഗമായി. സംഗീതത്തിന്റെ സാർവ്വത്രികതയുടെ ആഘോഷമാണ് ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡെന്ന് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുന്നതിനിടെ കനോലി പറഞ്ഞു. വടക്കൻ അയർലൻഡിലെ ഫസ്റ്റ് മിനിസ്റ്റർമാരും പരിപാടിയിൽ സംസാരിച്ചിരുന്നു.

