ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ഭീഷണിപ്പെടുത്തി കവർച്ച. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കാരിക്ഫെർഗസിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു സംഭവം. സ്ക്രൂഡ്രൈവറുമായി എത്തിയ മോഷ്ടാവ് സ്ഥാപനത്തിലെ ജീവനക്കാരിയെ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴുത്തിൽ സ്ക്രൂഡ്രൈവർ വച്ചുകൊണ്ട് കൊല്ലുമെന്നായിരുന്നു ഭീഷണി. പിന്നാലെ പണവും ആവശ്യപ്പെട്ടു. ഇതിനിടെ ജീവനക്കാരനിൽ ഒരാളായ പുരുഷനെ അടിയ്ക്കുകയും ചവിട്ടുകയും ചെയ്തതായും പോലീസ് പറയുന്നു. സ്ക്രൂ ഡ്രൈവർ കൊണ്ട് ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് പണവുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ഉടനെ വിവരം ജീവനക്കാർ പോലീസിനെ അറിയിച്ചു. ഉടനെ തന്നെ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

