വലിയ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ കാലവർഷം കേരളത്തിൽ മിക്കയിടങ്ങളിലും ദുരിതപ്പെയ്ത്തായി മാറുന്നു. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ഇതുവരെ 8 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയസമാനമായ സാഹചര്യമാണ് നേരിടുന്നത്.
മിക്കയിടങ്ങളിലും ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. രാത്രി വൈകിയും ഇവിടെ മഴ തുടരുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി.
എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഏകദേശം ഒരു മാസത്തോളം കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് അണക്കെട്ടുകളിൽ ജലനിരപ്പ് താഴുകയും, വൈദ്യുതി നിയന്ത്രണത്തിലേക്ക് സംസ്ഥാനം എത്തുകയും ചെയ്തിരുന്നു. എന്നാൽ, അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെ ഫലമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിറങ്ങുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും, മുൻ വർഷങ്ങളിലേത് പോലെ, ജനജീവിതത്തെ പേമാരി ബാധിച്ചു എന്നതാണ് വസ്തുത. വെള്ളിയാഴ്ച വെകീട്ടോടെ ശക്തിപ്രാപിച്ച മഴ രാത്രിയോടെ സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു.
തെക്കൻ ജില്ലകളിലും മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചു. തിരുവനന്തപുരം വിഴിഞ്ഞം, അടിമലത്തുറ ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ അപകടത്തിൽപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് യുവാക്കളെ കാണാതായി. ദേശീയ, സംസ്ഥാന പാതകളിൽ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
കാലവർഷം എല്ലാ വർഷവും പതിവ് പോലെ എത്തുമെങ്കിലും വർഷം തോറും മഴക്കെടുതികൾ കൂടുകയാണ്. മഴക്കാലത്തെയും മിന്നൽ പ്രളയങ്ങളെയും നേരിടാൻ സംസ്ഥാനം ഇനിയും സജ്ജമായിട്ടില്ല എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കുവാൻ. രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ച വരുന്നില്ല എന്നത് ആശ്വാസകരമാണെങ്കിലും, ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കപ്പെടുന്നില്ല. സംസ്ഥാനത്തെ കാർഷിക മേഖലയുടെയും വൈദ്യുതോത്പാദനത്തിന്റെയും ജലസേചനത്തിന്റെയും കുടിവെള്ള ലഭ്യതയുടെയും ഗതി നിർണയിക്കുന്ന കാലവർഷത്തെ ഭയക്കേണ്ട അവസ്ഥയാണ് വർഷം തോറും കൂടിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം കൊണ്ടുവരാൻ അധികൃതരുടെ ഭാഗത്ത് നിന്നും ദീർഘവീക്ഷണത്തോടെയുള്ള സമീപനം അനിവാര്യമാണ്.

