തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് അവധി .മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മറ്റ് മതപഠന ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ റസിഡൻഷ്യൽ സ്കൂളുകളുടെയും കോളേജുകളുടെയും മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി, ആവശ്യമെങ്കിൽ അവധി പ്രഖ്യാപിക്കാനും നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും കോളേജുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും.
കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന്, എല്ലാ മദ്രസകൾ, സൺഡേ സ്കൂളുകൾ, മത വിദ്യാഭ്യാസ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ കോച്ചിംഗ് സെന്ററുകൾ എന്നിവ ഞായറാഴ്ച അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കുട്ടികൾക്കുള്ള ഓഫ്ലൈൻ കോച്ചിംഗ്, പരിശീലന ക്ലാസുകളും നിരോധിച്ചിട്ടുണ്ട്, അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരാം. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരവും കർശന നടപടിയെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
കനത്ത മഴയും ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഞായറാഴ്ച മദ്രസകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഷെഡ്യൂൾ ചെയ്തിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അടക്കം ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലുടനീളം കനത്ത മഴ തുടരുകയും മലയോര പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലാ കളക്ടർ ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

