കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ജാൻമണി ദാസിനെതിരെ കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസിന്റെ പരാതിയിൽ കോഴിക്കോട് സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 192, 356(2), കേരള പോലീസ് ആക്ടിലെ സെക്ഷൻ 120(o) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും സാമുദായിക ഐക്യം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ ജാൻമണി പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയതായി എഫ്ഐആറിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ മാതാപിതാക്കളെയും, വീഡിയോയിൽ ജാന്മണി നീചമായ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചിരുന്നു. വിഡിയോ വിവാദമായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജാന്മണിയ്ക്കെതിരെ പരാതികൾ വന്നു. അതിനു പിന്നാലെ തനിക്ക് സംഭവിച്ച തെറ്റാണിതെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞും ജാന്മണി രംഗത്തെത്തിയിരുന്നു.

