പട്ന : ബീഹാറിലെ സിവാനിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എകെ 47 കൊണ്ട് വെടിയുതിർത്ത പോലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് നടപടി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് ജൂലൈ 25 ന് നടന്ന ബീഹാർ ബന്ദിനിടെയാണ് സംഭവം . നിരവധി ജില്ലകളിലായി വലിയ തോതിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരുന്നു. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സിവാനിൽ, മുദ്രാവാക്യം വിളിച്ചുകൊണ്ട് ധാരാളം വിദ്യാർത്ഥികൾ ഗാന്ധി മൈതാനത്തേക്ക് മാർച്ച് ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് സ്ഥിതിഗതികൾ വഷളായി. ഇതിനിടെയാണ് പൊലീസ് കോൺസ്റ്റബിൾ വെടിയുതിർത്തത് .
സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി മനോജ് കുമാർ ഝാ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ നടപടികൾ പോലീസ് നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചാണോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ അച്ചടക്ക നടപടികളോ നിയമ നടപടികളോ ഉണ്ടാകും.
അതേസമയം സിവാനിലെ കലാപത്തിനിടെ പരിക്കേറ്റ മൂന്ന് പ്രതിഷേധക്കാർ പട്നയിലെ ജയപ്രഭ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ 15 കാരനും ഉൾപ്പെടുന്നു. കടയിൽ നിന്ന് മടങ്ങവേയാണ് കുട്ടിയ്ക്ക് കഴുത്തിൽ വെടിയേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

