തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് . ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യും . പദ്ധതിയ്ക്കായി സർക്കാർ 53 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 10 മുതൽ വിതരണം ആരംഭിച്ച് ഉത്രാടം ദിനമായ ഓഗസ്റ്റ് 25 ന് മുമ്പ് പൂർത്തിയാകും. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 6,09,305 കിറ്റുകൾ ആവശ്യമാണ്. തുണി സഞ്ചികൾ ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ ഒരു കിറ്റിന്റെ വില ഏകദേശം 854 രൂപയാണ്.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിലെത്തിക്കും. ഓണത്തോടനുബന്ധിച്ച് മുൻഗണനേതര വിഭാഗത്തിനുള്ള പ്രത്യേക അരി വിതരണം അടുത്ത മാസം ആരംഭിക്കും. നീല കാർഡ് ഉടമകൾക്ക് 10.90 രൂപയ്ക്ക് മൂന്ന് കിലോ അരിയും 8.70 രൂപയ്ക്ക് രണ്ട് കിലോ ഗോതമ്പും നൽകും.
ഈ വർഷം സപ്ലൈകോ മൂന്ന് ജില്ലകളിൽ ഓണം മെഗാ വ്യാപാര മേളകളും, 11 ജില്ലകളിൽ ഓണം ജില്ലാ മേളകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം വിപണികളും സംഘടിപ്പിക്കും. ഓഗസ്റ്റ് 8 മുതൽ 25 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓണം മെഗാ വ്യാപാര മേളകൾ നടക്കും. ഓഗസ്റ്റ് 16 മുതൽ 25 വരെ 11 ജില്ലകളിൽ ഓണം ജില്ലാ മേളകൾ നടക്കും.

