ന്യൂഡൽഹി : ഇന്നത്തെ യുവതലമുറയോട് ആജ്ഞാപിക്കൽ അല്ല അർത്ഥവത്തായ ചർച്ചയാണ് വേണ്ടതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ ജന്ദർമന്ദറിൽ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ ഈ പരാമർശം. ‘വിശ്വ മംഗല്യ സഭ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ യുവതലമുറ വഴിതെറ്റിയവരോ ദിശാബോധമില്ലാത്തവരോ അല്ല . അവരെ മനസ്സിലാക്കാൻ ആജ്ഞാപിക്കൽ അല്ല, അർത്ഥവത്തായ ചർച്ചയാണ് നടത്തേണ്ടത് . നമ്മൾ ചെറുപ്പമായിരുന്നപ്പോൾ, അത് അനുസരണത്തിന്റെ ഒരു യുഗമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നു. നമ്മൾ അവർക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകണം. നമ്മൾ അവർക്ക് ധാരാളം സ്നേഹം നൽകണം. നമ്മൾ അവരോടൊപ്പം സമയം ചെലവഴിക്കണം. നമ്മൾ അവരുമായി ആശയവിനിമയം നടത്തണം.
പുതിയ തലമുറയ്ക്ക് നമ്മൾ അവകാശബോധം നൽകേണ്ടതുണ്ട്. നമ്മൾ ആശയവിനിമയം നടത്തേണ്ടതുണ്ട്. ആജ്ഞാപിക്കലല്ല, ചർച്ചയാണ്. ഉത്തരവുകളല്ല, സമവായമാണ് അവരോട് വേണ്ടത്. “ മോഹൻ ഭാഗവത് പറഞ്ഞു. അതേസമയം അദ്ദേഹം ജന്ദർമന്ദറിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം വെള്ളിയാഴ്ച, മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഡൽഹിയിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികളാണെന്ന് ആരോപിച്ചിരുന്നു. “ഇന്ത്യ വികസിതവും ശക്തവും വിദ്യാസമ്പന്നവുമായ ഒരു രാഷ്ട്രമായി മാറുന്നത് ആഗ്രഹിക്കാത്ത രാജ്യത്തിനകത്തും ആഗോളതലത്തിലുമുള്ള ശക്തികളാണ് ഈ കലാപങ്ങൾക്ക് പിന്നിൽ,” എന്നാണ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്.

