തിരുവനന്തപുരം : കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ് ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് . പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധം മൂലമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും പണം നൽകിയതെന്നാണ് അദ്ദേഹത്തിന്റെ മൊഴി. വീണയോ എക്സലോജിക്കോ സിഎംആർഎല്ലിന് ഒരു സേവനവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 ഏപ്രിലിൽ ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായിയ്ക്കും, വീണയ്ക്കും കുരുക്കായി ഇപ്പോൾ പുറത്തുവന്നത്. 2017 നും 2020 നും ഇടയിൽ വീണയ്ക്കും എക്സലോജിക്കിനും സിഎംആർഎൽ ഏകദേശം 2.78 കോടി രൂപ നൽകി. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വീണ പണം സ്വീകരിച്ചതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകിയിട്ടില്ലെന്ന് വീണ തന്നെ സമ്മതിച്ചതായും ഇഡി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
നേരത്തെ ചോദ്യം ചെയ്തപ്പോൾ, സിഎംആർഎല്ലിന് താൻ വ്യക്തിപരമായി മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വീണ പറഞ്ഞു. എന്നാൽ , തന്റെ അവകാശവാദം തെളിയിക്കാൻ ഇമെയിലുകളോ മറ്റ് തെളിവുകളോ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സലോജിക്കിന് 3 ലക്ഷം രൂപയുമാണ് നൽകിയിരുന്നത് .
തന്റെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിയിലൂടെ 50 ലക്ഷം രൂപ വായ്പ നൽകിയതായും കർത്ത പറഞ്ഞു. 2014–15 കാലയളവിൽ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എക്സലോജിക്, 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനുശേഷം മാത്രമാണ് സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെട്ടതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു . അന്വേഷണത്തിന്റെ ഭാഗമായി, സിഎംആർഎല്ലുമായി ബന്ധമുള്ള 242 ബാങ്ക് അക്കൗണ്ടുകളും വീണ വിജയന്റെ അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചു. എക്സലോജിക് സൊല്യൂഷൻസ് നിലവിൽ പ്രവർത്തനക്ഷമമല്ല.

